HG Alexios Mar Theodosius
(1888-1965)
Great Champion of Orthodoxy & Spokesman of Autocephaly
He was the first to use the term ‘AUTOCEPHALOUS CHURCH’, in our Church.
First to start a monastic community of the MOSC, Bethany Ashram
First Metropolitan of the Outside Kerala Diocese, Malankara Orthodox Syrian Church

EARLY LIFE
Mar Theodosius was born on August 28, 1888 as Chandy/M.M. Alexander in the traditionally priestly family of Mattackal at Niranam to parents Mathai and Kunjadamma.

FOUNDER BETHANY ASRAM
With the blessings and inspiration from his spiritual mentor (guru) Vattaseril Mar Dionasious, he founded the Asram on a hill top at Mundanmala, Ranni – Perunad in 1918.

HEAVENLY ABODE
On August 6, 1965, after battling prolonged illness, coinciding the day when the Church celebrates the Feast of Transfiguration, this great luminary of the Malankara Orthodox Church left for heavenly abode.
ABO ALEXIOS MISSION & VISION
Mar Theodosius Thirumeni took keen interest in representing the Malankara Orthodox Church in international inter-church forums and focus the attention of Western Churches to the ancient apostolic origin of Malankara Church. He travelled to London in 1933 to attend the Centenary Celebrations of Oxford Movement, to Oxford in 1937 to represent the Malankara Orthodox Church in the first Faith and Order Conference and to Edinburgh the same year to attend the Life and Work Conference, and in 1948 to Amsterdam to participate in the World Council of Churches (WCC) Conference along with His Holiness Baselios Geevarghese II Bava Thirumeni. Till 1953, Mar Theodosius Thirumeni was a member of the Central Committee of WCC.








Articles
Malankara Sabhayude Dharma Yogi
Alexios Mar Theodosius was an able Administrator and a leader with a great and committed vision and dedication. Talking of his contribution to the outside Kerala diocese, he laid the foundations for both the administration and spiritual growth among the outside Kerala Syrian Christians. He was instrumental in forming the Indian Orthodox Mission in Madras in 1947 , where he trained a group of educated priests and appointed them in the important cities of India.
He made various journeys across India to meet Syrian Christians. In 1952, he visited New Delhi and felt the need of having a Church in the national capital there by paving the way to the formation of St. Mary’s Cathedral, Hauz khas, New Delhi and appointed a priest.
Thirumeni helped the Church to break its boundaries of Kerala and extend it to other parts of India. He took a lot of effort and pain to reach the people of outside Kerala and to communicate with them. This action by Thirumeni holds historical significance because it started to participate in Orthodox worship.
The initial worships in Orthodox rites in major cities Delhi, Mumbai, Calcutta, Bangalore, Hyderabad and Chennai were begun on the behest of Mar Theodosius. Now all these places are either headquarters of a diocese or regions with many established Orthodox Parishes.
മാര്‍ തേവോദോസ്യോസ് - മലങ്കരസഭയുടെ യശസ്സുയര്‍ത്തി
കൊല്ലം ഭദ്രാസനമെത്രാപ്പോലീത്തായും, ബാഹ്യകേരള ഭദ്രാസനത്തിന്‍റെ ജനയിതാവും, മലങ്കരസഭ അസമാധാനത്തിന്‍റെ നീര്‍ച്ചുഴിയില്‍ വട്ടംതിരിഞ്ഞ കാലഘട്ടത്തില്‍ ആത്മീയപുനരുജ്ജീവനത്തിന്‍റെ പ്രകാശരശ്മികള്‍ വിതറിയ ബഥനി ആശ്രമപ്രസ്ഥാനത്തിന്‍റെ ആരംഭകരില്‍ ഒരാളും, മാര്‍ ഈവാനിയോസിന്‍റെ സഭാമാറ്റത്തിനു ശേഷം ആജീവാനാന്തം അതിന്‍റെ സുപ്പീരിയറുമായിരുന്നു മാര്‍ തേവോദോസ്യോസ് തിരുമേനി.
വ്യക്തിപരമായി, അഭിവന്ദ്യതിരുമേനി എന്‍റെ ആത്മീയപിതാവായിരുന്നു. എങ്കിലും ഒരു സ്നേഹിതനെപ്പോലെ എന്നോട് ആശയങ്ങള്‍ കൈമാറാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. നീറുന്ന പ്രശ്നങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചു ഹൃദയം തുറന്നു ചര്‍ച്ച ചെയ്തിരുന്നു. ഒരു കുമ്പസാരപിതാവായി എന്നെ ഉപദേശിച്ച് എനിക്ക് ആത്മീയപ്രചോദനം നല്കിയിരുന്നു. അദ്ദേഹത്തിന്‍റെ പല പ്രവര്‍ത്തനങ്ങളില്‍ എന്നെയും ബന്ധിപ്പിച്ചിരുന്നു. എന്‍റെ ആത്മീയജീവിതത്തെ കരുപ്പിടിപ്പിക്കുന്നതില്‍ അഭിവന്ദ്യതിരുമേനി നല്കിയിട്ടുള്ള പ്രചോദനത്തിന് ഞാന്‍ എന്നാളും അദ്ദേഹത്തോടു കടപ്പെട്ടവനുമാണ്.
ഭാരതത്തിന്‍റെ തെക്കുപടിഞ്ഞാറെ കോണില്‍ ആരാലും വേണ്ടവണ്ണം അറിയപ്പെടാതെ ഒറ്റ തിരിഞ്ഞു കിടന്നിരുന്ന പുരാതന മലങ്കരസഭയെ ലോകക്രൈസ്തവസഭകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഈ നൂറ്റാണ്ടില്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും, അതിന്‍റെ ആദ്യകാലപ്രവര്‍ത്തകരില്‍ എല്ലാം കൊണ്ടും പ്രധാന്യം അര്‍ഹിക്കുന്ന ഒരു മഹത്വ്യക്തിയായിരുന്നു ദിവംഗതനായ തേവോദോസ്യോസ് തിരുമേനി. നമ്മുടെ സഭ അംഗസംഖ്യയില്‍ വളരെ ചെറുതെങ്കിലും എക്യുമെനിക്കല്‍ നഭോമണ്ഡലത്തില്‍ ഇന്ന് അതൊരു ഉജ്ജ്വലതാരമായി ശോഭിക്കുന്നു എന്നുള്ളതിനു രണ്ടു പക്ഷമില്ല. ഈവിധമുള്ള സഭയുടെ വളര്‍ച്ചയില്‍ തിരുമേനി നല്കിയിട്ടുള്ള സംഭാവനകളെപ്പറ്റി ഹ്രസ്വമായി പ്രതിപാദിക്കുകയാണ് ഈ പ്രബന്ധത്തിന്‍റെ ഉദ്ദേശ്യം.
ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലം. സഭാനേതാക്കന്മാരെ പരിചയപ്പെടുന്നതിനു വിദ്യാര്‍ത്ഥികള്‍ക്ക് അന്നുണ്ടായിരുന്ന ഒരു പ്രധാന സരണി സിറിയന്‍ സ്റ്റുഡന്‍റ്സ് കോണ്‍ഫ്രന്‍സായിരുന്നു. ആബൂനാ അലക്സിയോസിനെ ഞാന്‍ ആദ്യമായി പരിചയപ്പെട്ടതും അങ്ങനെതന്നെ. സുന്ദരമായ ആ മുഖവും ആകര്‍ഷകമായ താടിമീശയും മന്ദസ്മിതം തുളുമ്പുന്ന ചുണ്ടുകളും കാവിക്കുപ്പായവുമെല്ലാം എനിക്കു നന്നേ പിടിച്ചു. അദ്ദേഹത്തോടു സംസാരിക്കുവാന്‍ ഞാനാഗ്രഹിച്ചു. ബഥനി പ്രസ്ഥാനത്തെപ്പറ്റി ഞാന്‍ അതിനു മുമ്പേ അറിഞ്ഞിരുന്നു.
സിറിയന്‍ സ്റ്റുഡന്‍റ്സ് കോണ്‍ഫ്രന്‍സിനു നേതൃത്വം നല്കിയിട്ടുള്ളവരില്‍ ഉഗ്രനായിരുന്ന എം. എ. അച്ചന്‍ (പിന്നീട് ആര്‍ച്ചുബിഷപ്പ് മാര്‍ ഈവാനിയോസ്) പ്രസ്ഥാനത്തിന്‍റെ ആരംഭദശയില്‍ സ്കൂളുകള്‍ സന്ദര്‍ശിച്ചു പ്രസംഗങ്ങള്‍ ചെയ്യുമായിരുന്നു. ഞങ്ങളുടെ സ്കൂളിലും അദ്ദേഹം വന്നു പ്രസംഗിച്ചു. എം. ഡി. സെമിനാരിയുടെ മുന്‍വശത്തുള്ള പുല്‍ത്തകിടിയില്‍ ഇരുന്നുകൊണ്ട് ഞങ്ങള്‍ അതു കേട്ടു. ബഥനി ആശ്രമത്തിലെ ഒരു അനാഥബാലന്‍ ഒരു ആവണക്കു നട്ടു വളര്‍ത്തി കായ് പറിച്ചുകൂട്ടിയ കഥ ഞങ്ങളെ ആകര്‍ഷിച്ചു.
ബഥനിയില്‍ ചേരുന്നതിനുള്ള ഒരാഗ്രഹം എന്‍റെ ചെറുമനസ്സിലും ബീജാവാപം ചെയ്തു. അതുകൊണ്ടുകൂടിയാണ് ആബൂനാ അലക്സിയോസിനെ കാണുവാന്‍ ഞാനാഗ്രഹിച്ചത്. അന്ന് ആരംഭിച്ച ആ ബന്ധം പില്ക്കാലത്തു വളരെ ശക്തിപ്പെട്ടു. കേവലം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് അദ്ദേഹം കത്തുകള്‍ അയച്ചു. എന്‍റെ ആത്മീയ ജീവിതകഥയുടെ ആരംഭമായിരുന്നു അത്. അദ്ദേഹം അവസാനം ശയ്യാവലംബിയായതു വരെ ഈ എഴുത്തുകുത്തു തുടര്‍ന്നിരുന്നു. അതിലൂടെ എനിക്ക് എത്രമാത്രം ആത്മീയപ്രചോദനം ലഭിച്ചു എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
ആബൂനാ അലക്സിയോസ് യുവജനങ്ങള്‍ക്ക് അറിയപ്പെട്ടത് സ്റ്റുഡന്‍റ്സ് കോണ്‍ഫ്രന്‍സിന് അദ്ദേഹം നല്കിയ നേതൃത്വത്തിലൂടെയാണ്. ഈ കോണ്‍ഫ്രന്‍സാണ് മറ്റു സഭകളെപ്പറ്റി അറിയുവാന്‍ അന്നു യുവാക്കളെ പ്രധാനമായും സഹായിച്ചത്. അദ്ദേഹം പ്രസിഡണ്ടും ഞാന്‍ ജനറല്‍ സെക്രട്ടറിയുമായി പല വര്‍ഷങ്ങള്‍ ഒരുമിച്ചു വിദ്യാര്‍ത്ഥിപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആബൂനാ അലക്സിയോസ് പല വര്‍ഷങ്ങള്‍ വൈദികാഭ്യസനം നടത്തിയതും, ഒരു ദയറാക്കാരന്‍ എന്ന നിലയില്‍ പരിശീലിപ്പിക്കപ്പെട്ടതും ഓക്സുഫോര്‍ഡു മിഷന്‍കാരുടെ ബാരിസോള്‍ വൈദികസ്കൂളില്‍ ആയിരുന്നു. ഇത് അദ്ദേഹത്തിന്‍റെ സഭാജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായി കാണാം. ഓക്സുഫോര്‍ഡു മിഷന്‍ ഫാദേഴ്സിന്‍റെ കണ്ണിലുണ്ണിയായിരുന്നു അദ്ദേഹം. അവരെല്ലാം ആംഗ്ലിക്കന്‍സഭയിലെ ഹൈ ചര്‍ച്ചു വിഭാഗക്കാരായിരുന്നതിനാല്‍ അവരുടെ ദൈവശാസ്ത്രവും നമ്മുടേതും തമ്മില്‍ വളരെ യോജിപ്പുള്ളതായി മറ്റു പലരെയും പോലെ അദ്ദേഹവും മനസ്സിലാക്കി. ആയതിനാല്‍ അന്നത്തെ വിദ്യാര്‍ത്ഥി കോണ്‍ഫ്രന്‍സുകളില്‍ ഓക്സുഫോര്‍ഡ്മിഷന്‍ ഫാദേഴ്സ് അനിവാര്യമായ ഒരു ഘടകമായിത്തീര്‍ന്നു.
അതിന് ഏതാണ്ട് ഒരു ദശാബ്ദം മുമ്പ് ആംഗ്ലിക്കന്‍സഭയിലെ സി.എം.എസ്. മിഷനറിമാര്‍ അവരുടെ ഉപദേശങ്ങളില്‍ കൂടി നമ്മെ അടിച്ചേല്പിക്കാന്‍ ശ്രമിച്ച ഇവാന്‍ജലിക്കല്‍ വിശ്വാസം, അതേ സഭാംഗങ്ങളായ ഓക്സുഫോര്‍ഡു മിഷനറിമാര്‍ നേര്‍വഴിയില്‍ പഠിപ്പിച്ചു തിരുത്തട്ടെ എന്നദ്ദേഹം പറയുമായിരുന്നു. അന്നത്തെ മദ്രാസ് ക്രിസ്ത്യന്‍ കോളജ് മാത്രം നമ്മുടെ നേതാക്കള്‍ക്കു സ്വീകാര്യമായിരുന്ന അക്കാലത്ത് അതില്‍ നിന്നു വിഭിന്നമായി കാതോലിക്കിസം പ്രസംഗിക്കുന്നതിനും അതിനു വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും സഭാംഗങ്ങള്‍ക്കു ധീരമായ നേതൃത്വം നല്കുന്നതിനുമുള്ള ചങ്കൂറ്റം മാര്‍ ഈവാനിയോസിനെപ്പോലെ മാര്‍ തേവോദോസ്യോസിനും ഉണ്ടായിരുന്നു. ആംഗ്ലോ കത്തോലിക്കരുമായി ഉണ്ടായിരുന്ന ഈ വേഴ്ചയാണ് 20-ാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ നമുക്കുണ്ടായ ആദ്യത്തെ എക്യുമെനിക്കല്‍ എക്സ്പീരിയന്‍സ്.
നമ്മുടെ സഭയെപ്പറ്റി ഇംഗ്ലണ്ടുകാര്‍ക്കു കൂടുതല്‍ അറിവു ലഭിക്കുന്നതിനും താല്പര്യം വര്‍ദ്ധിക്കുന്നതിനും സഹായകമായിത്തീര്‍ന്ന ഒരു സന്ദര്‍ഭം 1931-ല്‍ ആയിരുന്നു. നാഷനല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു സംഘം ഇന്‍ഡ്യയില്‍ നിന്ന് എലഹഹീംവെശു എന്ന പേരില്‍ ഇംഗ്ലണ്ടു സന്ദര്‍ശിച്ചു. ഈ സംഘത്തിലെ മൂന്നു പേരില്‍ ഒരാള്‍ എ. എം. വര്‍ക്കിയും മറ്റു രണ്ടു പേര്‍ റലാറാമും, കെ. റ്റി. പോളും ആയിരുന്നു.
ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, അയര്‍ലണ്ട് എന്നീ രാജ്യങ്ങളില്‍ നടത്തിയ പര്യടനം ഹ്രസ്വമായിരുന്നെങ്കിലും സര്‍വ്വകലാശാലകള്‍, സഭാകേന്ദ്രങ്ങള്‍ മുതലായവ സന്ദര്‍ശിക്കുകയും, ആ സ്ഥലങ്ങളിലെല്ലാം നമ്മുടെ സഭയെപ്പറ്റി മി. വര്‍ക്കി വിജ്ഞാനപ്രദമായി സംസാരിക്കയും ചെയ്തു. 1939-ല്‍ ഞാന്‍ അയര്‍ലണ്ടില്‍ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ അതിന്‍റെ അദ്ധ്യക്ഷനായിരുന്ന ഡബ്ലിനിലെ ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചത് മലങ്കരസഭയെപ്പറ്റി അദ്ദേഹം അറിയുന്നത് എ. എം. വര്‍ക്കിയുടെ പ്രസംഗത്തില്‍ കൂടി ആയിരുന്നു എന്നാണ്. മി. വര്‍ക്കി സ്ഥാപിച്ച സമ്പര്‍ക്കത്തിന്‍റെ ഫലമായി അടുത്ത കൊല്ലം ഇംഗ്ലണ്ടില്‍ നടന്ന ആംഗ്ലോ-കാതോലിക് പ്രസ്ഥാനത്തിന്‍റെ ശതാബ്ദിജൂബിലിയില്‍ സംബന്ധിക്കുന്നതിനുള്ള ക്ഷണം മാര്‍ തേവോദോസ്യോസിനു ലഭിച്ചു. അതനുസരിച്ച് അദ്ദേഹം അവിടെ പോയി കുറച്ചു മാസങ്ങള്‍ ചെലവഴിച്ചു. ഈ സന്ദര്‍ശനഫലമായി ആംഗ്ലോകത്തോലിക്കരുടെ സൗഹാര്‍ദ്ദത നമുക്കു വളരെയുണ്ടാവുകയും ചെയ്തു.
അന്ന് ആംഗ്ലേയസഭയില്‍ നാമമാത്രമായി ആരംഭിച്ചിരുന്ന വിദേശബന്ധകാര്യാലയം നമ്മുടെ സഭയില്‍ നിന്ന് വൈദികവിദ്യാര്‍ത്ഥികള്‍ അവരുടെ വൈദികവിദ്യാലയങ്ങളില്‍ പഠിക്കുന്നതിനുള്ള അവസരം നല്‍കി. ഫാ. റ്റി. വി. ജോണ്‍, ഫാ. എന്‍. ജി. കുര്യന്‍, ഡോ. കെ. എം. സൈമണ്‍, ഫാ. കെ. ഫിലിപ്പോസ് ആദിയായവര്‍ ഈ ക്ഷണം അനുസരിച്ചു പോയവരില്‍ പ്രഥമര്‍ ആയിരുന്നു. ഈ കാലഘട്ടത്തില്‍ത്തന്നെ മി. എം. തൊമ്മനും ആല്‍വേ സെറ്റില്‍ണ്‍മെന്‍റിനെ പ്രതിനിധീകരിച്ചു കേംബ്രിഡ്ജില്‍ പഠിച്ചിരുന്നു.
1937-ല്‍ ഓക്സ്ഫോര്‍ഡില്‍വച്ചു നടന്ന ഫെയിത്ത് ആന്‍ഡ് ഓര്‍ഡര്‍ സമ്മേളനവും എഡിന്‍ബറോയില്‍ വച്ചു നടന്ന ലൈഫ് ആന്‍ഡ് വര്‍ക്ക് സമ്മേളനവും എക്യുമെനിക്കല്‍പ്രസ്ഥാനവുമായുള്ള മലങ്കരസഭയുടെ ബന്ധത്തില്‍ നിര്‍ണ്ണായകസംഭവങ്ങളായിരുന്നു. ഫാ. അലക്സിയോസിന്‍റെ ശ്രമഫലമായി നമ്മുടെ സഭയും ഈ രണ്ടു സമ്മേളനങ്ങളിലേക്കും ക്ഷണിക്കപ്പെട്ടു. കാലം ചെയ്ത പ. ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാബാവാ തിരുമേനിയും റമ്പാന്മാരായ ആബൂനാ അലക്സിയോസും സി. എം. തോമസും (പിന്നീടു തോമ്മാ മാര്‍ ദീവന്നാസ്യോസ്) നമ്മുടെ സഭയെ പ്രതിനിധീകരിച്ചു സംബന്ധിച്ചു. ബാവാതിരുമേനിയുടെ ശെമ്മാശ്ശനായി ആ കാലഘട്ടത്തില്‍ അവിടെ സേവനം ചെയ്യുന്നതിന് എനിക്കും സന്ദര്‍ഭം ലഭിച്ചു.
നമ്മുടെ സഭ എക്യൂമെനിക്കല്‍പ്രസ്ഥാനത്തില്‍ സജീവമായി പ്രവേശിച്ചത് 1937-ലെ ഫെയിത്ത് ആന്‍ഡ് ഓര്‍ഡര്‍ സമ്മേളനത്തോടുകൂടിയാണ്. ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ്, ആംഗ്ലിക്കന്‍ എന്നീ നൂറില്‍ പരം സഭകളുടെ പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ സംബന്ധിച്ചു. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഉണ്ടാകണമെന്ന് ഈ സമ്മേളനം തീരുമാനം എടുത്തു. ഇങ്ങനെയൊരു സുപ്രധാന തീരുമാനം എടുത്തതില്‍ മലങ്കരസഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പ. കാതോലിക്കാബാവാ തിരുമേനിയും പിന്നീടു സഭാമേലദ്ധ്യക്ഷന്മാരായിത്തീര്‍ന്ന രണ്ടു റമ്പാന്മാരും ചേര്‍ന്ന പ്രതിനിധിസംഘത്തിന്‍റെ പൂര്‍ണ്ണ ഭാഗഭാഗിത്വം ഉണ്ടായിരുന്നു എന്നുള്ളതു നമുക്ക് എത്രയും അഭിമാനത്തോടു കൂടി സ്മരിക്കാവുന്നതാണ്. മാത്രമല്ല, അന്നു മുതല്‍ ആരംഭിച്ച വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ഫോര്‍മേഷന്‍റെ കണ്‍ടിന്യുയേഷന്‍ കമ്മിറ്റിയില്‍ മാര്‍ തേവോദോസ്യോസ് തിരുമേനിയും അംഗമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അധികം താമസിയാതെ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാല്‍ ഡബ്ലിയു.സി.സി.യുടെ ഉദ്ഘാടനം നടക്കാന്‍ പതിനൊന്നു ദീര്‍ഘവര്‍ഷങ്ങള്‍ കൂടെ കാത്തിരിക്കേണ്ടിവന്നു. ഡോ. വിസ്സേര്‍റ്റ് ഹൂഫ്റ്റ് സെക്രട്ടറിയായി ആരംഭിച്ച കണ്‍ടിന്യൂയേഷന്‍ കമ്മിറ്റിയില്‍ മാര്‍ തേവോദോസ്യോസ് തിരുമേനി ഈ കാലമത്രയും അംഗമായി തുടര്‍ന്നിരുന്നു.
1937-ലെ എഡിന്‍ബറോ സമ്മേളനവും നമ്മുടെ സഭയെ സംബന്ധിച്ച് ഒരു വലിയ വഴിത്തിരിവായിരുന്നു. അതിന്‍റെ പ്രധാന കാരണഭൂതന്‍ മാര്‍ തേവോദോസ്യോസ് ആയിരുന്നു. അതുവരെയും ആരാലും അറിയപ്പെടാതെ ഒറ്റപ്പെട്ടു നിന്നിരുന്ന ഭാരതസഭ പെട്ടെന്നു ലോകസഭകളുടെ ശ്രദ്ധയില്‍ ഉയര്‍ന്നു.
ദൈവശാസ്ത്രപരമായോ പൗരസ്ത്യദര്‍ശന സംബന്ധമായോ നമ്മുടെ സഭാപ്രതിനിധികള്‍ അധികമൊന്നും ഈ സമ്മേളനത്തില്‍ സംഭാവന ചെയ്തില്ലെങ്കിലും വിദൂരഭാരതത്തില്‍ നിന്ന് ഒരു പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ ഉള്‍പ്പെടെ മൂന്നു പ്രതിനിധികള്‍ ഇതില്‍ സംബന്ധിച്ചുവെന്നത് ഒരു അപ്രധാനസംഗതി ആയിരുന്നില്ല. അവരുടെ വേഷഭൂഷാദികളും വിനയാന്വിതമായ പെരുമാറ്റവും സരസസംഭാഷണങ്ങളും ഏവരെയും ഹഠാദാകര്‍ഷിച്ചു.
ആ സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ ഫോട്ടോ എടുക്കപ്പെട്ട സഭാതലവനെന്ന് നമ്മുടെ പ. കാതോലിക്കാ ബാവായെ അന്നത്തെ എഡിന്‍ ബറോ പത്രങ്ങള്‍ വിശേഷിപ്പിച്ചു പ്രകീര്‍ത്തിച്ചു. ഫോട്ടോ എടുക്കപ്പെടണമെങ്കില്‍ കാതോലിക്കോസിന്‍റെ കൂടെ നടന്നാല്‍ മതി എന്നുപോലും പത്രങ്ങള്‍ പ്രസ്താവിച്ചു. ഇന്‍ഡ്യന്‍സഭ ഒരു പുതിയ കാഴ്ചപ്പാടില്‍ അറിയപ്പെടാന്‍ തുടങ്ങി. ലോകസഭകളുടെ ഇടയില്‍ അതിനൊരു സ്ഥാനം ഉണ്ടായി. കണ്‍ടിന്യൂയേഷന്‍ കമ്മറ്റിയില്‍ അതിന് അംഗത്വം ലഭിച്ചു.
അന്നു കാതോലിക്കാബാവാ തിരുമേനി അര്‍പ്പിച്ച വി. കുര്‍ബ്ബാനകളില്‍ അനേകം പേര്‍ സംബന്ധിച്ചു. ലളിതവും പരിപുഷ്ടവുമായ ആ ആരാധന ലോകത്തിലെ ഏറ്റവും പുരാതനമായ യാക്കോബിന്‍റെ തക്സായാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ പുളകിതഗാത്രരായി. ഇംഗ്ലീഷ് കോപ്പികള്‍ അവരുടെ കൈവശം കുറച്ചുമാത്രമുണ്ടായിരുന്നത് പലരും വാങ്ങിക്കൊണ്ടുപോയി. എസ്. പി. സി. കെ. അത് ഓഫ്സെറ്റു ചെയ്തു പ്രസിദ്ധീകരിച്ചു.
എക്യൂമെനിക്കല്‍പ്രസ്ഥാനത്തില്‍ എഡിന്‍ബറോ കോണ്‍ഫ്രന്‍സിലുടെ നമ്മുടെ സഭ രംഗപ്രവേശം ചെയ്തു എന്നു പറയാം. അതിന്‍റെ ഉത്തരവാദിത്വം പ്രധാനമായും തേവോദോസ്യോസ് തിരുമേനിക്കായിരുന്നുവെന്ന് എടുത്തുപറയേണ്ടിരിക്കുന്നു.
സമ്മേളനാനന്തരം നമ്മുടെ പ്രതിനിധികള്‍ ഇംഗ്ലണ്ടിലും സ്കോട്ട്ലണ്ടിലുമായി പല സഭാകേന്ദ്രങ്ങളും വൈദികസ്ഥാപനങ്ങളും സന്ദര്‍ശിച്ചു പ്രസംഗിച്ചു. ആരാധന നടത്തി. ഞാന്‍ അന്നു പഠിച്ചിരുന്ന കാന്‍റര്‍ബറി കോളജ് ചാപ്പലില്‍ നടത്തിയ വി. കുര്‍ബാനയിലെ ധൂപവാസന അനേകദിവസങ്ങള്‍ കഴിഞ്ഞിട്ടും ചാപ്പലില്‍ നിന്നും വിട്ടുമാറിയില്ല എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.
കാന്‍റര്‍ബറി ആര്‍ച്ചു ബിഷപ്പ് തുടങ്ങി പല സഭാനേതാക്കളെയും അവര്‍ സന്ദര്‍ശിച്ചു. മലങ്കരയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഗ്രഹിപ്പിച്ചു. അന്നു സമുദായക്കേസ് കൊടുംപിരികൊണ്ടിരിക്കുന്ന കാലമായിരുന്നു. വിദേശാധിപത്യം വലിച്ചെറിഞ്ഞ് പൂര്‍ണ്ണസാതന്ത്ര്യത്തിനു വേണ്ടിയുള്ള യത്നത്തിലാണു മലങ്കരസഭയെന്ന് അവര്‍ മറ്റുള്ളവരെ മനസ്സിലാക്കി. ഇതിനു നേതൃത്വം നല്കിയത് മാര്‍ തേവോദോസ്യോസ് തിരുമേനി ആയിരുന്നു.
എഡിന്‍ബറോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചതു മുതലുണ്ടായ മറ്റൊരു പ്രധാന നേട്ടം ലോകത്തിലെ ഇതര ഓര്‍ത്തഡോക്സ് സഭകളെ അറിയുന്നതിനും അവരുമായി സമ്പര്‍ക്കത്തിലെര്‍പ്പെടുന്നതിനും സന്ദര്‍ഭം ലഭിച്ചു എന്നുള്ളതാണ്. ചില സഭകള്‍ സന്ദര്‍ശിക്കുന്നതിനു ക്ഷണവുമുണ്ടായി.
ഇംഗ്ലണ്ടിലേക്കുള്ള യാത്രവേളയില്‍ തന്നെ പാരീസിലെ റഷ്യന്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലിത്താ യൂവലോഗിയോസിന്‍റെ ക്ഷണം സ്വീകരിച്ച് അവിടെ ചില ദിവസങ്ങള്‍ താമസിച്ചു. അന്നുണ്ടായ സംഭാഷണത്തെ പറ്റി ഡോ. സാന്‍ഡര്‍ ആയിടെ എഴുതിയ ഒരു പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്റ്റോളജിയെ പറ്റി ചര്‍ച്ച ആരംഭിച്ചു. സുറിയാനിക്കാരെ ങീിീുവശെലേ ഖമരീയശലേെ എന്ന് മറ്റ് ഓര്‍ത്തഡോക്സുകാര്‍ മുദ്രകുത്തി വേദവിപരീതികളായി തള്ളിയിരുന്നു, ക്രിസ്തുവിന്‍റെ ഏകസ്വഭാവം എന്നത് എന്താണെന്ന മലങ്കരസഭയുടെ വിശ്വാസം കാതോലിക്കോസ് വിവരിച്ചു. അതുകേട്ടു കഴിഞ്ഞപ്പോള്‍ വ്യദ്ധനായ യൂവലോഗിയോസ് മെത്രാപ്പോലിത്താ ചാടി എഴുന്നേറ്റ് അങ്ങു പറയുന്നതുതന്നെയാണ് ഞങ്ങളുടെ വിശ്വാസം. അതുകൊണ്ട് നാം ഒന്നുതന്നെയാണ് എന്ന് ആഹ്ലാദത്തോടെ പറഞ്ഞ് ചുംബിച്ചു. എഡിന്‍ബറോ കോണ്‍ഫ്രന്‍സിനു പോകുന്നില്ലെന്നു നിശ്ചയിച്ചിരുന്ന യൂവലോഗിയോസ് മെത്രാപ്പോലീത്താ പെട്ടെന്നു നിശ്ചയം മാറ്റി പോകാന്‍ തീരുമാനിക്കുകയും, അന്നാരംഭിച്ച സംഭാഷണം കോണ്‍ഫ്രന്‍സ് ചര്‍ച്ചാവേളയിലും തുടരുകയുമുണ്ടായി.
പിന്നീടു ലഭിച്ച ക്ഷണം, യുഗോസ്ലാവിയയിലെ സേര്‍ബിയന്‍ പാത്രിയര്‍ക്കിസില്‍ നിന്നുമായിരുന്നു. ക്ഷണം സ്വീകരിച്ച് യാത്രയ്ക്കു വേണ്ട ക്രമീകരണങ്ങള്‍ എല്ലാം നടത്തി, തേവദോസ്യോസ് തിരുമേനി മടങ്ങി വന്നപ്പോള്‍ ബാവാ പറയുന്നു ഞാന്‍ വരുന്നില്ല. എത്രയും വേഗം നാട്ടില്‍ തിരിച്ചെത്താന്‍ ബാവാതിരുമേനി തത്രപ്പെട്ടിരുന്നു. ബാവായ്ക്കു വയറ്റില്‍ അല്പം അസുഖവും ആരംഭിച്ചിരുന്നു. നിങ്ങളെല്ലാംകൂടി എന്നെ കൊന്ന് എന്‍റെ തോല് ഊറയിട്ടല്ലാതെ ഇവിടെനിന്ന് പോകുകയില്ല എന്ന് ഖണ്ഡിതമായി പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാം പരിഭ്രമിച്ചു. തേവോദോസ്യോസ് തിരുമേനി അത്രയും മ്ലാനവദനനായി മറ്റൊരവസരത്തിലും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ ഞങ്ങളെല്ലാംവരും കൂടി ബാവയെ ആശ്വസിപ്പിച്ചു. ഈ സന്ദര്‍ശനം കൊണ്ട് സഭയ്ക്കുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചു വിവരിച്ചു.
കാതോലിക്കാബാവായ്ക്ക് പട്ടം ഇല്ല; വൃദ്ധന്‍ പുന്നൂസാണ് എന്നും മറ്റും പാത്രിയര്‍ക്കീസു പക്ഷക്കാര്‍ പറഞ്ഞുനടന്നിരുന്ന ആ കാലത്ത് ലോകത്തിലെ പാത്രിയര്‍ക്കീസുമാര്‍ ഒരു പാത്രിയര്‍ക്കീസിനടുത്ത ബഹുമാനത്തോടെ ബാവായെ സ്വീകരിച്ചാദരിക്കുന്നത് സഭയ്ക്കു വലിയ നേട്ടമായിരിക്കും എന്ന് പറഞ്ഞപ്പോള്‍ ബാവാതിരുമേനി സമ്മതിച്ച് യുഗോസ്ലാവിയാ സന്ദര്‍ശിച്ചു. ഒരു പാത്രിയര്‍ക്കീസിനടുത്ത എല്ലാ ബഹുമതികളോടും കൂടി ബാവാ തിരുമേനി സ്വീകരിക്കപ്പെട്ടു. ഏതാണ്ടു 15 കൊല്ലം കഴിഞ്ഞ് ഞാന്‍ ബല്‍ഗ്രേഡ് സന്ദര്‍ശിച്ചപ്പോള്‍ ബാവാ തിരുമേനിയുടെ 1937-ലെ സന്ദര്‍ശനത്തിന്‍റെ സ്മരണ അവരുടെ ഇടയില്‍ അന്നും സജീവമായിരുന്നു.
ഈ സമ്പര്‍ക്കങ്ങളിലൂടെ ബൈസന്‍റൈന്‍സഭകളും ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള ക്രിസ്റ്റോളജി സംബന്ധമായ തെറ്റിദ്ധാരണകള്‍ നീക്കാന്‍ കഴിയുമെന്ന് മാര്‍ തേവോദോസ്യോസ് വിശ്വസിച്ചിരുന്നു. ഈ സഭകള്‍ തമ്മിലുള്ള ക്രിസ്റ്റോളജി സംബന്ധമായ അഭിപ്രായവ്യത്യാസങ്ങള്‍ വെറും വാക്കില്‍ മാത്രണ്‍മാണെന്നും, യഥാര്‍ത്ഥത്തില്‍ വിശ്വാസം ഒന്നു തന്നെയാണെന്നും മാര്‍ തേവോദോസ്യോസ് മനസ്സിലാക്കിയിരുന്നു. ആംഗ്ലോ-കാതോലിക് സമീപനം മാറ്റി, പൗരസ്ത്യണ്‍ചിന്താഗതികളില്‍ കൂടുതല്‍ ഉറയ്ക്കുന്നതിന് ഈ സമ്പര്‍ക്കങ്ങള്‍ തിരുമേനിയെ വളരെ സഹായിച്ചിട്ടുണ്ട്.
നമ്മുടെ സഭാപ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട എഡിന്‍ബറോ സമ്മേളനം സഭകളുടെ ലോക കൗണ്‍സില്‍ ആരംഭിക്കണമെന്ന് തീരുമാനമെടുത്തെങ്കിലും രണ്ടാം ലോകമഹായുദ്ധം മൂലം ആ തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന് പതിനൊന്നു നീണ്ട വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നുവെന്ന് മേല്‍ പ്രസ്താവിച്ചല്ലോ.
1948-ലാണ് അംസ്റ്റര്‍ഡാം കോണ്‍ഫ്രന്‍സ് സമ്മേളിച്ചത്. നമ്മുടെ സഭയ്ക്ക് ക്ഷണം ലഭിക്കുകയും മാര്‍ തേവോദോസ്യോസ് തിരുമേനിയെയും എന്നെയും പ്രതിനിധികളായി പാ. കാതോലിക്കാ ബാവാ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ യാത്രയ്ക്കാവശ്യമായ പണത്തിന്‍റെ ഒരു ഭാഗം ഞങ്ങള്‍തന്നെ പിരിച്ചെടുക്കേണ്ടിയിരുന്നു. ഒരു വിധത്തില്‍ ഞങ്ങള്‍ പണം ഉണ്ടാക്കി, സമ്മളനത്തില്‍ സംബന്ധിച്ചു. ആംസ്റ്റര്‍ഡാം സമ്മേളനത്തിലെ ചര്‍ച്ചകളില്‍ തിരുമേനി സജീവമായി പങ്കെടുത്തു. പിന്നീട് കന്‍റര്‍ബറി ആര്‍ച്ചുബിഷപ്പായി തീര്‍ന്ന പ്രൊ. റാംസേ തിരുമേനിയുടെ സംഭാവനയെ പറ്റി ശ്ലാഘിച്ചു പ്രസംഗിച്ചു. സഭകളുടെ ലോക കൗണ്‍സില്‍ രൂപംകൊണ്ടു. ചര്‍ച്ചകളില്‍ പങ്കെടുത്ത ഓര്‍ത്തഡോക്സുകാരില്‍ ഒരു പ്രധാനസ്ഥാനം തിരുമേനി കരസ്ഥമാക്കി. സഭകളുടെ ലോക കൗണ്‍സിലിന്‍റെ കേന്ദ്രസമതിയിലേക്കു തിരുമേനിയും അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
സമ്മേളനത്തിനു ശേഷം ഗ്രീക്കുസഭയുടെ ക്ഷണം അനുസരിച്ച് ഗ്രീക്കു ഗവണ്മെന്‍റിന്‍റെ അതിഥികളായി ഞങ്ങള്‍ ഗ്രീസ് സന്ദര്‍ശിച്ചു. പലയിടങ്ങളിലും പ്രസംഗിച്ചു. ഗ്രീസിലെ സുപ്രസിദ്ധ ദൈവശാസ്ത്രജ്ഞന്മരുമായി ചര്‍ച്ചകള്‍ നടത്തി. നമ്മുടെ സഭയെപ്പറ്റി അവരെല്ലാവരിലും നല്ല മതിപ്പ് ഉളവാക്കാന്‍ മാര്‍ തേവോദോസ്യോസിന് കഴിഞ്ഞു. ക്രിസ്റ്റോളജി ആശയ ഐക്യത്തില്‍ വീണ്ടും എത്തിച്ചേര്‍ന്നു. 1953-ല്‍ ലക്നൗവില്‍ വച്ചു നടന്ന കേന്ദ്രസമിതിയോഗത്തില്‍ തിരുമേനി സംബന്ധിച്ചു. ഞാന്‍ കൂടെയുണ്ടായിരുന്നു. അതിനു ശേഷം ഡബ്ലിയു.സി.സി.-യുടെ കാര്യത്തില്‍ തിരുമേനി വലിയ പങ്കു വഹിച്ചില്ല.
നമ്മുടെ വിദ്യാര്‍ത്ഥിസമ്മേളനങ്ങള്‍ക്കു സജീവമായ നേതൃത്വം നല്കിയിരുന്നതു കൂടാതെ എസ്.സി.എം.-ന്‍റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം അതീവതല്പരനായിരുന്നു. അതിന്‍റെ പല സമ്മേളനങ്ങളിലും മി. എ. എം. വര്‍ക്കിയോടൊത്ത് അദ്ദേഹം നേതൃത്വം നല്കിയിരുന്നു. അദ്ദേഹത്തെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. മദ്രാസ് യുണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ എസ്.സി.എം.-ന്‍റെ ഒരു പ്രധാന നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ ക്ഷണം അനുസരിച്ച് തിരുമേനി പല എസ്. സി.എം. സമ്മേളനങ്ങളിലും സംബന്ധിച്ചിരുന്നു. നമ്മുടെ കുട്ടികള്‍ നഷ്ടപ്പെടാതിരിക്കാനാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നങ്കിലും മറ്റു കുട്ടികളോടും അദ്ദേഹത്തിന് അത്യധികം താല്പര്യമുണ്ടായിരുന്നു. ബൈബിള്‍ സൊസൈറ്റിയുടെ പല യോഗങ്ങളിലും അദ്ദേഹം പ്രസംഗിച്ചിരുന്നു. ഇതിലെല്ലാം സഭ ഔദ്യോഗികമായിത്തന്നെ വേണ്ട കരുതലോടെ ഭാഗഭാക്കാകണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിമതം.
എക്യൂമെനിക്കല്‍പ്രസ്ഥാനത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നെങ്കിലും വിട്ടുവീഴ്ചയിലാത്ത ഒരു യഥാര്‍ത്ഥ ഓര്‍ത്തഡോക്സുകാരനായിരുന്നു അദ്ദേഹം. ഏതു സമ്മേളനത്തില്‍ പ്രസംഗിച്ചാലും ഓര്‍ത്തഡോക്സ് വിശ്വാസം അദ്ദേഹം ഊന്നി പറയുമായിരുന്നു. വിഭജനത്തിനു മുമ്പുള്ള പിതാക്കന്മാരുടെ വിശ്വാസത്തിലേക്കു തിരികെ പോകുക, ഇതായിരുന്നു അദ്ദേഹത്തിന്‍റെ മുദ്രാവാക്യം. പ്രൊട്ടസ്റ്റന്‍റുകാര്‍ക്ക് ഇത് അരുചികരമായിരുന്നെങ്കിലും തിരുമേനിയെ ആരും വെറുത്തില്ല. കാതോലികവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ സഭൈക്യം ഫലപ്രദമാവുകയില്ലെന്ന് അദ്ദേഹം ശക്തമായി പറഞ്ഞിരുന്നു.
1947-ല്‍ സി.എസ്.ഐ. സഭ രൂപം കൊണ്ടപ്പോള്‍, ഇതേ കാരണത്താല്‍ അദ്ദേഹം അതിനെ രൂക്ഷമായി എതിര്‍ത്ത് ചര്‍ച്ച് ടൈംസില്‍ ലേഖനങ്ങള്‍ എഴുതി. ഇതു മൂലം ചില സ്നേഹിതര്‍ അദ്ദേഹത്തില്‍ നിന്ന് അകലുക പോലും ചെയ്തു. വിശ്വാസകാര്യങ്ങളില്‍ ഒരു ഒത്തുതീര്‍പ്പിനും അദ്ദേഹം സന്നദ്ധനായിരുന്നില്ല. എന്തെങ്കിലും ചേര്‍ത്തൊട്ടിക്കലുകള്‍ ഉണ്ടാക്കിയാലും, അതു നീണ്ടുനില്ക്കുകയില്ല എന്നദ്ദേഹം പറഞ്ഞിരുന്നു.
ഭിന്നവകുപ്പുകാരായ സുറിയാനിക്രിസ്ത്യാനികളുടെ പുനരൈക്യം സാദ്ധ്യണ്‍മാക്കിത്തീര്‍ക്കണമേ. മാര്‍ തേവോദോസ്യോസ് തിരുമേനി എഴുതി പ്രസിദ്ധികരിച്ച മദ്ധ്യസ്ഥപ്രാര്‍ത്ഥനയിലെ വാക്കുകളാണിവ. മാര്‍ത്തോമ, സി.എസ്.ഐ., ഓര്‍ത്തഡോക്സ് എന്നീ സഭകളുടെ യോജിപ്പിന് ആലുവ യു.സി. കോളേജിന്‍റെ ആരംഭം മുതല്‍തന്നെ നടന്ന ദീര്‍ഘകാല സംഭാഷണ സമ്മേളനങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തു. ഈ മുന്നു സഭകളും ചേര്‍ന്ന് നടത്തിയിരുന്ന യു.സി. കോളേജ്, ആലുവാ സെറ്റില്‍മെന്‍റ് മുതലായ സ്ഥാപനങ്ങളും അദ്ദേഹം താല്പര്യത്തോടെ വീക്ഷിച്ചു.
പരിപൂണ്ണ സ്വതന്ത്രസഭാവാദിയായിരുന്നു മാര്‍ തേവോദോസ്യോസ് തിരുമേനി. മറ്റ് ഓര്‍ത്തഡോക്സ് സഭകളുമായുള്ള സമ്പര്‍ക്കമാണു തിരുമേനിയെ ഈ കാര്യത്തില്‍ ഉറപ്പിച്ചത്. സ്വയംഭരണനേതൃത്വമുള്ള സഭ എന്നര്‍ത്ഥം വരുന്ന അൗീരേലുവമഹൗെ ഇവൗൃരവ അഭിവന്ദ്യ തിരുമേനിയാണ് ഇവിടെ ആദ്യം പ്രയോഗത്തില്‍ കൊണ്ടുവന്നത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ഭാരതത്തിലെ ദേശിയ സഭ ആണെന്നും, ഈ സഭയുടെ കാര്യങ്ങള്‍ ഈ സഭയ്ക്കു തന്നെ തീരുമാനിക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും, ഈ സഭ ഒരു വിദേശസഭയുടെയും വിധേയത്വത്തിലല്ലെന്നും അദ്ദേഹം പഠിപ്പിച്ചു. ആലുവാ വട്ടമേശസമ്മേളനം, ചിങ്ങവനം വട്ടമേശസമ്മേളനം എന്നീ സമധാന സന്ധിയാലോചനകളില്‍ അദ്ദേഹം നിസ്സഹകരണം കാണിച്ചത് ഈ മനോബോദ്ധ്യത്തോടുള്ള കുറു കൊണ്ടു മാത്രമായിരുന്നു. ചിങ്ങവനം വട്ടമേശസമ്മേളനം നടന്ന കാലത്ത് ഡോ. വിസ്സര്‍ട്ടു ഹുഫ്റ്റ് കേരളം സന്ദര്‍ശിക്കുകയായിരുന്നു സമ്മേളനത്തില്‍ മാര്‍ തേവോദോസ്യോസ് സ്വീകരിച്ച നിലപാട് അദ്ദേഹത്തില്‍ തെറ്റിദ്ധാരണകളുളവാക്കി. മാര്‍ തേവോദോസ്യോസ് തിരുമേനി എന്നോടൊത്ത് എറണാകുളത്തു ചെന്ന് ഡോ. വിസ്സര്‍ട്ടു ഹുഫ്റ്റിനെ സന്ദര്‍ശിച്ച് അദേഹത്തിന്‍റെ തെറ്റിദ്ധാരണകള്‍ നീക്കി.
ചിങ്ങവനംസമ്മേളനം എഴുതി ഉണ്ടാക്കിയ സമാധാനവ്യവസ്ഥകളുടെ പഴുതുകളും, പോരായ്മകളും, മലങ്കരസഭയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ അതിന്‍റെ അപര്യാപ്തതയും, മാര്‍ തേവോദോസ്യോസ് ഡോ. വിസ്സര്‍ട്ടു ഹുഫ്റ്റിനെ ബോദ്ധ്യപ്പെടുത്തി. അദ്ദേഹം തിരുമേനിയുടെ നിലപാടിനോടു യോജിപ്പു പ്രകടിപ്പിച്ചു.
മാര്‍ തോവോദോസ്യോസ് തിരുമേനിയുടെ അഗാധമായ ആദ്ധ്യാത്മികത, സഭയുടെ നവോത്ഥാനത്തിനു വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശവും പരിശ്രമങ്ങളും, യുവജനങ്ങളുടെ ഇടയിലുള്ള സേവനം, വിശ്വാസതീക്ഷ്ണത എന്നിവയെല്ലാം ഒന്നൊന്നായി എടുത്തു പറയേണ്ട കാര്യങ്ങളാണ്. വിസ്താരഭയം കൊണ്ട് അതിലേക്കു കടക്കുന്നില്ല. തിരുമേനിയുടെ സംഭാവനകളില്‍ എല്ലാംകൊണ്ടും മികച്ചുനില്ക്കുന്നത് എക്യുമെനിക്കല്‍ പ്രസ്ഥാനത്തില്‍ മലങ്കരസഭയുടേതായി അദ്ദേഹം നിര്‍വഹിച്ച സേവനങ്ങളത്രേ. അഭിവന്ദ്യ തിരുമേനി ലോകസഭകളുടെ ഇടയില്‍ മലങ്കരയ്ക്കു സമര്‍ഹമായൊരു സ്ഥാനം നേടിത്തന്നു. പാശ്ചാത്യ പൗരസ്ത്യ സഭകളില്‍ മലങ്കരയുടെ യശസ്സുയര്‍ത്തി.
(1975 ഓഗസ്റ്റ് 3-ാം തീയതി പഴയ സെമിനാരിയില്‍ നടത്തപ്പെട്ട മാര്‍ തേവോദോസ്യോസ് സിംപോസിയത്തില്‍ ചെയ്ത പ്രസംഗം.)
ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ
മാര്‍ തേവോദോസ്യോസ്: എന്‍റെ സഹപാഠിയും സുഹൃത്തും
ആയിരത്തിത്തൊള്ളായിരത്തിയഞ്ചിലോ ആറിലോ ആണെന്നു തോന്നുന്നു, മലങ്കരമെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് നമ്മുടെ എല്ലാ പള്ളികള്‍ക്കുമായി ഒരു സര്‍ക്കുലര്‍ കല്പന അയച്ചു. നമ്മുടെ കുട്ടികളെ കഴിവതും നമ്മുടെ സ്കൂളുകളില്‍ത്തന്നെ പഠിപ്പിക്കണമെന്നായിരുന്നു കല്പനയുടെ സാരം. അതനുസരിച്ച് വടക്കും തെക്കുമുള്ള പല ഇടവകകളില്‍ നിന്നും കുട്ടികള്‍ കോട്ടയം എം. ഡി. സെമിനാരിയില്‍ ചേർന്നു പഠിപ്പുതുടങ്ങി. അക്കൂട്ടത്തില്‍ നിരണത്തു നിന്നും എം. എം. അലക്സാണ്ടറും വന്നു ചേർന്നു. അന്നു ഞാനും എം. ഡി. സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഒരേ ക്ലാസ്സിലാണോ ഞങ്ങള്‍ പഠിച്ചത് എന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല. എം. ഡി.-യില്‍ വച്ച് ആദ്യമായി ഞങ്ങള്‍ കണ്ടുമുട്ടി, പരിചയമായി, സ്നേഹമായി. ആ സ്നേഹബന്ധം -എം. എം. അലക്സാണ്ടര്‍, പിന്നീട് അലക്സാണ്ടര്‍ ശെമ്മാശ്ശന്‍, അലക്സിയോസച്ചന്‍, ബഥനിയുടെ ആബോ, തേവോദോസ്യോസ് മെത്രാപ്പോലീത്താ എന്നീ നിലകളിലൂടെ കടന്ന് കാലം ചെയ്യുന്നതു വരെയും അതിനു ശേഷവും ഉലയാതെ നിലനില്ക്കുന്നു. റോമാസഭയില്‍ ചേര്‍ന്ന ഈവാനിയോസ് തിരുമേനിയുമായും, തേവോദോസ്യോസ് തിരുമേനിയുമായും ഞാന്‍ എന്നും ഉറ്റബന്ധം പുലര്‍ത്തിപ്പോന്നിരുന്നു. ഈവാനിയോസ് തിരുമേനിയുമായുള്ള എന്‍റെ ബന്ധം ബഹുമാനാദരവുകളുടേതായിരുന്നുവെങ്കില്‍, തേവോദോസ്യോസ് തിരുമേനിയുമായുള്ള ബന്ധം തികച്ചും സൗഹൃദനിര്‍ഭരമായിരുന്നു. പ്രായത്തില്‍ തന്നെ ഞങ്ങള്‍ തമ്മില്‍ അഞ്ചോ ആറോ മാസം വ്യത്യാസമേയുള്ളു. മാര്‍ ഈവാനിയോസിന്‍റെ റോമാസഭാശ്ലേഷത്തിനു മുമ്പും പിമ്പും തേവോദോസ്യോസ് തിരുമേനിയുമായി, പല തലങ്ങളിലും ഞാന്‍ ചേർന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഉള്ളും ഊന്നലും എന്തെന്ന് എനിക്കു നല്ലവണ്ണം അറിയാമായിരുന്നു. വിപത്ഘട്ടങ്ങളില്‍ ഞങ്ങള്‍ കൂടിയിരുന്നു പ്രയാസങ്ങള്‍ പങ്കിട്ടിരുന്നു. പേരിനോ പ്രശംസയ്ക്കോ വേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ല. അത്തരം സന്ദര്‍ഭങ്ങള്‍ മനഃപൂര്‍വ്വം ഒഴിവാക്കാനായിരുന്നു ശ്രമം. അദ്ദേഹം തീര്‍ത്തും നിഷ്കളങ്കനായിരുന്നു. സത്യത്തോടുള്ള കൂറും മനോബോദ്ധ്യത്തോടുള്ള മുറുകെപ്പിടുത്തവും അദ്ദേഹത്തിനു വരുത്തിവെച്ച ദുരിതങ്ങള്‍ കുറച്ചൊന്നുമല്ല. അടുത്ത കാലത്തു ജീവിച്ചിരു മെത്രാപ്പോലീത്താമാരില്‍, ഇത്രയധികം വേദനകളിലൂടെ കടന്നുപോയ ഒരു മെത്രാപ്പോലീത്തായില്ല. സഹപ്രവര്‍ത്തകരില്‍ നിന്നു പോലും അദ്ദേഹം ഒറ്റപ്പെട്ടുപോയ സന്ദര്‍ഭങ്ങളുണ്ടായി. ശാന്തനായി, അക്ഷോഭ്യനായി അവയെല്ലാം അദ്ദേഹം നേരിട്ടു. ആ പുണ്യാത്മാവിനെ അടുത്തറിയുതിനും അദ്ദേഹത്തോടൊത്തു കഴിയുതിനും ഒത്തു പ്രവര്‍ത്തിക്കുതിനും കഴിഞ്ഞ -ആ അനര്‍ഘ കാല ഘട്ടം- ഈ ജീവതസായാഹ്നത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍, ഒരു വലിയ ഈശ്വരാനുഗ്രഹമായി അനുഭവപ്പെടുന്നു.
ഞങ്ങള്‍ എം.ഡി.സെമിനാരി ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത്, ഹൈസ്കൂളുകളില്‍ ഡിബേറ്റിംഗ് സൊസൈറ്റികളുണ്ടായിരുു. എം.എം.അലക്സാണ്ടര്‍ അന്നും ശാന്തനും ഒതുങ്ങിയ പ്രകൃതക്കാരനുമായിരുങ്കെിലും, മീറ്റിംഗുകളില്‍ ശക്തിയായി വാദപ്രതിവാദം നടത്തുന്ന ചിത്രം ഇന്നും ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്ക്കുന്നു. സത്യമെന്ന് ഉള്ളിലുറച്ച കാര്യങ്ങള്‍ തുറന്നുപറയാന്‍ ആ ശാന്തപ്രകൃതി കാണിച്ചിരുന്ന വീറ് പിന്നീടുള്ള അദ്ദേഹത്തിന്‍റെ സഭാജീവിതത്തിലും കാണാം. നമ്മുടെ സ്കൂളില്‍ അദ്ധ്യാപകരായും പ്രധാനാദ്ധ്യാപകരായും കഴിവുള്ളിടത്തോളം പട്ടക്കാരെ നിയമിക്കണമെന്ന് സഭാനേതൃത്വത്തില്‍ ആഗ്രഹമുണ്ടായി. വട്ടശ്ശേരിയില്‍ തിരുമേനിയും പുലിക്കോട്ടില്‍ തിരുമേനിയും ഈ അഭിപ്രായക്കാരായിരുു. ഇങ്ങനെ നിയമിക്കാന്‍ യോഗ്യതയുള്ള പട്ടക്കാര്‍ അന്നുണ്ടായിരുന്നില്ല. കഴിവും ദൈവാശ്രയവുമുള്ള കുട്ടികളെ ഈ നിലയിലേക്കു നയിക്കാന്‍ പരിശ്രമം നടന്നു. അതിനായി സഭാനേതൃത്വം വിദ്യാഭ്യാസകാലത്തുതെ നോട്ടമിട്ടിരുന്ന ഒരാളായിരുന്നു എം. എം. അലക്സാണ്ടര്‍.
നമ്മുടെ സഭയുടെ ഒരു വലിയ കുറവ് സന്യാസിമാരും കന്യാസ്ത്രീകളുമില്ലാത്തതാണെന്ന് സഭാനേതാക്കളില്‍ ചിലര്‍ക്കു തോന്നി. അതു പരിഹരിക്കുതിനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി ആലോചിക്കുതിനു കൂടിയ സമ്മേളനങ്ങളില്‍ അലക്സിയോസ് ശെമ്മാശ്ശനും സംബന്ധിച്ചിരുന്നു. പിന്നീടു ബഥനി സ്ഥാപനത്തില്‍ ഫാ. പി. റ്റി. ഗീവറുഗീസിന്‍റെ വലംകൈയായി പ്രവര്‍ത്തിച്ചതു ഫാദര്‍ അലക്സിയോസായിരുന്നു. ബഥനി ആശ്രമസ്ഥാപനകാലം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. സഭയിലെ ഒരു സുപ്രധാനസംഭവം തയൊയിരുു ബഥനിയുടെ സ്ഥാപനം. നമ്മുടെ സഭാനേതൃത്വത്തിലും സഭാംഗങ്ങളിലും അതു നൂറുനൂറു പ്രതീക്ഷകളുണര്‍ത്തി. സെറാമ്പൂര്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഉദ്യോഗം രാജി വച്ച ഫാ. പി. റ്റി. ഗീവറുഗീസും ഫാ. അലക്സിയോസും സന്യാസാര്‍ത്ഥികളോടൊപ്പം മുണ്ടന്‍ മലയില്‍ പുല്ലു മേഞ്ഞ പുരകളില്‍ താമസം തുടങ്ങി. ആശ്രമത്തിന്‍റെയും ആശ്രമത്തോടു ചേർന്ന് നടത്തിയ അനാഥശാലയുടെയും നടത്തിപ്പിനു വേണ്ടി ഭിക്ഷാപാത്രവുമായി നടന്ന ആ കാഷായവസ്ത്രക്കാര്‍ മലങ്കരനസ്രാണികളെ ഹഠാല്‍ ആകര്‍ഷിക്കതന്നെ ചെയ്തു. മുമ്പെങ്ങും ലഭിച്ചിട്ടില്ലാത്തതുപോലെ കൈ തുറന്ന സംഭാവനകള്‍ ലഭിച്ചു. അംഗങ്ങള്‍ വര്‍ദ്ധിച്ചുവന്നു. ഞാനും അക്കാലത്തു ബഥനിയില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. എനിക്കങ്ങനെ ആലോചനയുണ്ടെന്ന് വട്ടശ്ശേരില്‍ തിരുമേനി അറിഞ്ഞു. അദ്ദേഹം എന്നോടു ഞാന്‍ ബഥനിയില്‍ ചേരണ്ട എന്നു പല പ്രാവശ്യം പറഞ്ഞു. മാത്രമല്ല, ഒരിക്കല്‍ ഈവാനിയോസ് മെത്രാച്ചനും ഞാനും കൂടെ നില്ക്കുമ്പോള്‍ ഇയാളെ അവിടെ എടുക്കരുത് എന്നു കല്പിക്കുകയും ചെയ്തു. അതുകൊണ്ട് ആ ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. സഭയുടെ പ്രവര്‍ത്തനത്തിന് ആശ്രമസ്ഥരല്ലാത്തവരും വേണം എന്ന ആഗ്രഹംകൊണ്ടാണ് അദ്ദേഹം അങ്ങനെ കല്പിച്ചത്.
ബഥനി ആശ്രമത്തിന്‍റെ സഭാപരമായ പ്രവര്‍ത്തനവും മറ്റു ജീവകാരുണ്യപ്രവര്‍ത്തനങ്ങളും വിപുലമായി. ഫാ. ഗീവറുഗീസും ഫാ. അലക്സിയോസും കൂട്ടായും തനിയെയും പിരിവുകള്‍ നടത്തിയാണ് ആശ്രമം കൊണ്ടുപോയത്. ഒരു സന്ദര്‍ഭം ഓര്‍ക്കുന്നു. ഫാ. ഗീവറുഗീസ് അസുഖമായി കിടപ്പിലാണ്. കടകളില്‍ നിന്ന് സാമാനങ്ങളും മറ്റും കടമായി വാങ്ങി, പണം പിന്നീടു കൊടുത്തു തീര്‍ക്കുകയാണു പതിവ്. പണം കൊടുക്കാന്‍ താമസം വന്നതുകൊണ്ടു നിത്യച്ചെലവുപോലും പ്രയാസത്തിലായി. അങ്ങനെയിരിക്കുന്ന ഒരു ഗഡുവില്‍ അലക്സിയോസച്ചനും ഞാനും തിരുമേനിയോടു പണം കടം ചോദിക്കാന്‍ പോയി. പഴയ സെമിനാരിയില്‍ അദ്ദേഹത്തിന്‍റെ മുറിയില്‍ ഞങ്ങള്‍ ചെന്നുകയറിയപ്പോള്‍ത്തെ പണം ചോദിക്കാനാണു ചെന്നിരിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി. പല കേസുകളും നടക്കുന്ന കാര്യവും പണപ്പിരിവു നടക്കുന്നില്ലെന്നുള്ള വിവരവും വിശദമായി ഞങ്ങളെ പറഞ്ഞുകേള്‍പ്പിച്ചു. ഇങ്ങനെ കേട്ട സ്ഥിതിക്കു പണം ചോദിക്കണമോ എന്ന് ഞാന്‍ അലക്സിയോസച്ചനോട് ആംഗ്യംകാട്ടി ചോദിച്ചു. ചോദിക്കാമെന്നു പറഞ്ഞതനുസരിച്ചു ചോദിച്ചു. അപ്പോള്‍ വട്ടശ്ശേരില്‍ തിരുമേനി എന്നോടായി പറഞ്ഞു: വളരെ പണം ഞാന്‍ പണിക്കരു കത്തനാര്‍ക്കു കൊടുത്തിട്ടുണ്ട്. അതെല്ലാം പാഴാക്കിക്കളഞ്ഞു. അതുകൊണ്ട് ഇനിയും ഇവര്‍ക്കു കൊടുക്കുകയില്ല. തനിക്കു വേണമെങ്കില്‍ തരാം. പണത്തിനു വളരെ വൈഷമ്യം നേരിട്ട ആ സന്ദര്‍ഭത്തില്‍, പണം കൈകാര്യം ചെയ്യുന്നതില്‍ സ്വതേ പണിക്കരച്ചനുണ്ടായിരുന്ന സൂക്ഷ്മതക്കുറവാണ് വലിയ മെത്രാച്ചന്‍ ഇങ്ങനെ പരിഭവപ്പെടുന്നതിനിടയാക്കിയത്. കുറെനേരം കൂടെ അവിടെ നിന്ന് വര്‍ത്തമാനം പറഞ്ഞ ശേഷം കൈ മുത്താന്‍ ചെന്നപ്പോള്‍, എഴുന്നേറ്റു പോയി പെട്ടി തുറന്ന് കടം ചോദിച്ചതിന്‍റെ പകുതി തുക എടുത്തു തന്നു. ഇതിനി തിരികെ തരേണ്ടാ എന്ന് പറയുകയും ചെയ്തു. മാര്‍ ഈവാനിയോസ് ബഥനി വിട്ടശേഷം ആശ്രമനടത്തിപ്പില്‍ ധനപരമായി കൂടുതല്‍ ക്ലേശങ്ങള്‍ മാര്‍ തേവോദോസിയോസ് തിരുമേനിക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്.
മാര്‍ ഈവാനിയോസ് റോമാസഭയില്‍ ചേരുന്നതിനുള്ള ആലോചന മുറുകിയപ്പോള്‍ ഫാ. അലക്സിയോസ് സിംഗപ്പൂരിലായിരുന്നു. തിരികെ വന്നപ്പോള്‍ വിവരം അറിഞ്ഞു. റീത്തുപ്രസ്ഥാനത്തോടുള്ള തന്‍റെ വിയോജിപ്പു പ്രകടിപ്പിക്കുതിനു ഫാ. അലക്സിയോസ് മടിച്ചില്ല. ഇക്കാര്യത്തില്‍ അവര്‍ തമ്മില്‍ തീര്‍ത്തും തെററി. എന്നാല്‍ ഈ വാദവും വിയോജിപ്പുമെല്ലാം രഹസ്യമായിട്ടാണു നടത്. ആശ്രമത്തിലെ മറ്റ് അംഗങ്ങളോടോ, സിസ്റ്റര്‍ഹൂഡിലുള്ളവരോടോ ഈ കാര്യത്തെപ്പറ്റി സംസാരിക്കരതെന്ന് ആശ്രമ ആബോ ആയിരുന്ന മാര്‍ ഈവാനിയോസ് വിലക്കി. ആബോയുടെ കല്പന ലംഘിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല. അന്നു സിസ്റ്റര്‍ഹൂഡിലുണ്ടായിരുവരില്‍ ഒന്നോ രണ്ടോ പേരൊഴികെ ആരും തന്നെ ഇതറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നവര്‍ തന്നെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരുന്നു. റോമാസഭയില്‍ ചേരാന്‍ നിശ്ചയിച്ച് ആശ്രമം വിട്ട ശേഷം മാര്‍ ഈവാനിയോസും സംഘവും വെണ്ണിക്കുളത്തു ചെന്നു താമസിച്ചു. അദ്ദേഹത്തെ നേരില്‍ കണ്ടു സംസാരിക്കാന്‍ ഞാന്‍ അവിടെ പോയി. എല്ലാവരുമായി റീത്തില്‍ ചേരുകയാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. ഞാന്‍ യാത്ര പറഞ്ഞപ്പോള്‍ സിസ്റ്റേഴ്സിനെ കാണുന്നില്ലെ എന്നെന്നോട്ടു ചോദിച്ചു. ഇല്ല, പോകുകയാണെന്ന് മറുപടി പറഞ്ഞു. അവരെ കാണാതെ പോകുത് അവര്‍ക്കു സങ്കടമാവും, കണ്ടിട്ടു പോയാല്‍ മതി എന്ന് നിര്‍ബന്ധിച്ചു. ഞാന്‍ അവരുടെ അടുക്കലേക്കു പോകാന്‍ ഭാവിച്ചപ്പോള്‍, അവരോട് ഇക്കാര്യങ്ങളെപ്പറ്റി യാതൊന്നും പറയരുതെന്നു പറഞ്ഞു. ഞാന്‍ അവരെ കണ്ടു മടങ്ങിപ്പോന്നു. റീത്തു കാര്യത്തെപ്പറ്റി യാതൊന്നും സംസാരിച്ചുമില്ല. ഫാദര്‍ അലക്സിയോസിനുണ്ടായ അനുഭവം എടുത്തു കാണിക്കാനാണ് ഈ സംഭവം അനുസ്മരിച്ചത്. മലങ്കരസഭയുടെ സമുദ്ധാരണത്തിനായി പ്രതിജ്ഞാബദ്ധരായി ഒരുമിച്ച് ഇറങ്ങി പുറപ്പെട്ടിട്ട് കൂട്ടാവുന്നത്ര ആളുകളെ കൂട്ടി ആശ്രമം ശൂന്യമാക്കി യാത്രയാകുന്ന കാഴ്ച ഹൃദയവേദനയോടെ മൂകനായി നിന്ന് നോക്കിക്കാണാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളു.
എന്നും ഒരു ആശ്രമസ്ഥനായി കഴിയണമെന്നായിരുന്നു ഫാ. അലക്സിയോസിന്‍റെ ആഗ്രഹം. പല തവണ മേല്‍പ്പട്ടസ്ഥാനത്തേയ്ക്ക് ക്ഷണിക്കപ്പെട്ടുവെങ്കിലും അദ്ദേഹം അതിനു സമ്മതിച്ചില്ല. സഭയ്ക്ക് അത്യാവശ്യം വന്ന സന്ദര്‍ഭങ്ങളില്‍ ബാവാ തിരുമേനിയും മറ്റു പലരും അദ്ദേഹത്തെ നിര്‍ബന്ധിച്ചിട്ടുണ്ട്. ഞാനും പല പ്രാവശ്യം അദ്ദേഹത്തെ അതിനു നിര്‍ബന്ധിച്ചിരുന്നു. സന്യാസജീവിതം നയിക്കുതിനും ആശ്രമത്തിലെ തന്‍റെ ജോലി നിര്‍വ്വഹിക്കുതിനും മേല്പട്ടസ്ഥാനം ഒരു തടസ്സമായിത്തീരും എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആശങ്ക.
സഭയില്‍ വഴക്കും വ്യവഹാരവും ആരംഭിച്ചപ്പോള്‍ മുതല്‍തന്നെ സമാധാന ആലോചനയും തുടങ്ങി. മുടക്കപ്പെട്ട മേല്പ്പട്ടക്കാര്‍ക്ക് രണ്ടാമതു പട്ടം കൊടുക്കാതെ സ്വീകരിക്കുകയില്ലെന്നു തുടങ്ങി, ഒരു ചെറുപ്രാര്‍ത്ഥനയോടെ സ്വീകരിക്കാം എന്നു വരെയുള്ള വ്യവസ്ഥകള്‍ ഉണ്ടായി. എന്നാല്‍ ആ കാലമെല്ലാം മലങ്കരസഭ ഒരു സ്വതന്ത്രഭരണാധികാരമുള്ള സഭ ആണെന്നും, അതിന്‍റെ സ്വാതന്ത്ര്യം നശിപ്പിക്കരുതെന്നും മാര്‍ തേവോദോസിയോസ് ശക്തമായി വാദിച്ചിരുന്നു. കുപ്രസിദ്ധമായ ചിങ്ങവനം വട്ടമേശസമ്മേളനത്തില്‍ നിന്ന് അദ്ദേഹം മാറിനിന്നു. സമ്മേളനനിശ്ചയങ്ങളില്‍ അദ്ദേഹം ഒപ്പുവച്ചില്ല. മലങ്കരസഭയുടെ സ്വാതന്ത്ര്യം പണയപ്പെടുത്തുന്ന നിശ്ചയങ്ങളോടു കൂട്ടുനില്ക്കുന്നതിലും ഭേദം, ഔദ്യോഗികസ്ഥാനം രാജി വച്ചു സ്വസ്ഥമായിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാശിയും കടുംപിടുത്തവുമാണെന്ന് അന്നു വ്യാഖ്യാനമുണ്ടായി. എന്നാല്‍, ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച ധീരതയും തത്ത്വദീക്ഷയും ദീര്‍ഘവീക്ഷണവും നമ്മെ അതിശയിപ്പിക്കുന്നു.
അസുഖമായിക്കിടന്ന അവസാനവര്‍ഷങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ ഞാന്‍ കൂടെക്കൂടെ പോകുമായിരുന്നു. ആ സന്ദര്‍ഭങ്ങളിലെല്ലാം അദ്ദേഹത്തില്‍നിന്നു കേള്‍ക്കുന്ന ദൈവത്തിന്‍റെ ഇഷ്ടം, ദൈവത്തിന്‍റെ ഇഷ്ടം എന്ന മന്ത്രണം ഇന്നും എന്‍റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. നല്ല ഓര്‍മ്മയിലല്ലാതെ കിടന്ന അവസരങ്ങളില്‍പ്പോലും പ്രാര്‍ത്ഥനയും നോമ്പും സന്യാസനിഷ്ഠകളും അദ്ദേഹം ആചരിച്ചിരുന്നു. മാര്‍ തേവോദോസ്യോസ് ഒരു യഥാര്‍ത്ഥക്രിസ്ത്യാനിയും ഉത്തമസന്യാസിയും മുഖപക്ഷം നോക്കാതെ വാത്സല്യത്തോടെ ഇടവകഭരണം നടത്തിയ ഭരണകര്‍ത്താവുമായിരുന്നു. അദ്ദേഹം നമുക്കൊരു മാതൃകയായിരിക്കട്ടെ.
മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ
(1975 ഓഗസ്റ്റ് 3-ാം തീയതി പഴയ സെമിനാരിയില്‍ നടത്തപ്പെട്ട മാര്‍ തേവോദോസ്യോസ് സിംപോയിയത്തിലെ ഉദ്ഘാടനപ്രസംഗം)
മാര്‍ തേവോദോസ്യോസ് - ജീവിതമുള്ള ധ്യാനഗുരു
നമ്മുടെ കര്‍ത്താവിന്‍റെ ശിഷ്യന്മാരില്‍ ഒരുവനായ മാര്‍ത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച നിരണം വലിയപള്ളി ഇടവകയില്‍പ്പെട്ട വളരെ പ്രശസ്തവും പുരാതനവുമായ മട്ടയ്ക്കല്‍ കുടുംബത്തിലാണ് മാര്‍ തേവോദോസ്യോസ് തിരുമേനി ഭൂജാതനായത്. സഭയുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും നിഷ്ഠയുള്ളയാളായി വളര്‍ന്നുവന്ന തിരുമേനി സിദ്ധന്മാരായ പിതാക്കന്മാരെ പിന്തുടര്‍ന്ന് കൂടും കുടുംബവും ഉപേക്ഷിച്ച് സന്യാസജീവിതം നയിക്കാന്‍ നിശ്ചയിച്ചുറച്ചു. പി.റ്റി.ഗീവറുഗീസ് കത്തനാരുമായി (പിന്നീട് ആര്‍ച്ചു ബിഷപ്പ് മാര്‍ ഈവാനിയോസ്) ചേര്‍ന്ന് ബഥനി ആശ്രമസ്ഥാപനത്തിനു നേതൃത്വം നല്‍കി, അതിലെ അന്തേവാസിയായി. പിന്നീട് അദ്ദേഹം മെത്രാപ്പോലീത്താ ആയി ഉയര്‍ത്തപ്പെട്ടു. കൊല്ലം ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്താ ആയിരിക്കുമ്പോഴാണ് എനിക്കു തിരുമേനിയുമായി ബന്ധം പുലര്‍ത്താന്‍ ഭാഗ്യമുണ്ടായത്. തിരുമേനിയുമായുള്ള എന്‍റെ ബന്ധം എന്നെ കൂടുതല്‍ ആത്മീയനാക്കിത്തീര്‍ത്തു.
മാര്‍ തേവോദോസ്യോസ് തിരുമേനിക്കു വളരെ വിശാലമായ ഒരു സുഹൃദ്വ വലയം ഉണ്ടായിരുന്നു. അതു വെറും വ്യക്തിപരമായ സൗഹൃദമായിരുന്നില്ല. തിരുമേനിയുമായി സ്നേഹബന്ധത്തില്‍ വന്നിട്ടുള്ള എല്ലാവരെയും ദൈവഭക്തരും ആശ്രമത്തിന്‍റെ സുഹൃത്തുക്കളും സഭയുടെ സേവകരുമാക്കി മാറ്റാന്‍ തിരുമേനിക്ക് അന്യാദൃശ്യമായ ഒരു കഴിവുണ്ടായിരുന്നു. കഷ്ടാനുഭവ ആഴ്ച വരുമ്പോള്‍ സഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു നല്ല സംഘം ആളുകള്‍ ബഥനിയിലേക്കു പോവുകയായി. ഞാനും അക്കൂട്ടത്തില്‍ ഒരാളായിരുന്നു. ബഥനിക്കുന്നിന്‍റെ അടിവാരത്തു സ്ഥിതി ചെയ്യുന്ന ഇടവകപ്പള്ളിയില്‍ തിരുമേനിയുടെ ധ്യാനപ്രസംഗം ഒരു പ്രധാന പരിപാടി ആയിരിക്കും. കഷ്ടാനുഭവ ആഴ്ചയില്‍ തിരുമേനി ആശ്രമത്തില്‍ നിന്ന് താമസം പള്ളിയിലേക്കു മാറ്റും. പള്ളിയുടെ ഒരു ചെറുമുറിക്കുള്ളിലാണു തിരുമേനിയുടെ ഇരിപ്പും കിടപ്പുമെല്ലാം. വളരെ കുറച്ചാളുകള്‍ക്കു മാത്രം താമസിക്കാന്‍ സൗകര്യമുള്ള ആ ദേവാലയപരിസരങ്ങളില്‍ അനേകര്‍ സന്തോഷത്തോടെ കഴിഞ്ഞുകൂടും. ഓരോ യാമങ്ങളിലുമുള്ള ഹൃദയസ്പര്‍ശിയായ ആരാധനയില്‍ പങ്കുകൊണ്ടും തിരുമേനിയുടെ ധ്യാനപ്രസംഗങ്ങള്‍ ശ്രവിച്ചും ധ്യാനിച്ചും മൗനവ്രതം പാലിച്ചും കഴിയും. തിരുമേനിയോടൊപ്പമുള്ള ആ താമസവും തിരുമേനിയുടെ സാന്നിദ്ധ്യവുമെല്ലാം ഒരു പ്രത്യേക അനുഭവമായിരുന്നു ഞങ്ങള്‍ക്ക്. ദുഃഖവെള്ളിയാഴ്ച ദീര്‍ഘമായ ശുശ്രൂഷകള്‍ കഴിഞ്ഞ് കുന്നിൻചരുവില്‍ കുത്തിയിരുന്ന് കഞ്ഞിയും കപ്പയും കഴിക്കും. ആ ലളിതഭക്ഷണത്തിന്‍റെ സ്വാദ് ഇന്നും നാവില്‍ തങ്ങിനില്ക്കുന്നു. ഉയിര്‍പ്പു ഞായറാഴ്ച ഒരു പുതിയ ഹൃദയത്തോടെ, ജീവിതവീക്ഷണത്തോടെ, ഞങ്ങള്‍ വീടുകളിലേക്കു തിരികെപ്പോകും.
തേവോദോദ്യോസ് തിരുമേനിയുടെ ആര്‍ഭാടരഹിതവും, കാര്യമാത്രപ്രസക്തവുമായ പ്രസംഗങ്ങള്‍ എന്നെ വളരെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. കണ്‍വന്‍ഷന്‍പ്രസംഗങ്ങളെക്കാള്‍ ധ്യാനപ്രസംഗത്തിനുള്ള മേന്മയും സ്ഥായിയായ സ്വാധീനവും തിരുമേനിയുടെ ധ്യാനപ്രസംഗങ്ങള്‍ വിളിച്ചറിയിച്ചിരുന്നു. അഗാധമായ ജ്ഞാനം, ഭക്തി തുളുമ്പുന്ന പ്രകാശനങ്ങള്‍ എല്ലാം ആ പ്രസംഗങ്ങളുടെ പ്രത്യേകതകളായിരുന്നു. ഏതു നിലയിലും രീതിയിലുമുള്ളവര്‍ക്കും അനുയോജ്യമായ രീതിയില്‍ വിഷയങ്ങള്‍ തെരഞ്ഞെടുത്ത് യുക്തമായ രീതിയില്‍ അവതരിപ്പിക്കും. ഏതൊരു ചെറിയ വാക്യവും എടുത്ത് വളരെ വിശദമായി വ്യാഖ്യാനിക്കും. വൈദികസമ്മേളനങ്ങളില്‍ അവതരിപ്പിക്കുന്ന സഭയുടെ വിശ്വാസസംബന്ധമായ വിഷയങ്ങളെക്കുറിച്ചള്ള പ്രബോധനങ്ങള്‍ അങ്ങേയറ്റം വിജ്ഞാനപൂര്‍ണ്ണമായിരുന്നു. ഇത്തരം സമ്മേളനങ്ങളിലൂടെ ആ പിതാവിന്‍റെ കാല്‍ച്ചുവടുകളിലിരുന്നു പല പ്രാവശ്യം പഠിക്കുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. തിരുമേനി വൃഥാ സമയം കളയുമായിരുന്നില്ല. ഏതെങ്കിലും ഒരു പുസ്തകം എപ്പോഴും കൈയിലുണ്ടാവും.
ഓര്‍ത്തഡോക്സ് വിശ്വാസം എങ്ങനെയിരിക്കും എന്നു ചോദിച്ചാല്‍ അതു തേവോദോസ്യോസ് തിരുമേനിയുടെ വിശ്വാസം പോലെയിരിക്കും എന്ന് തികച്ചും പറയുവാന്‍ കഴിയുമായിരുന്നു. ഓര്‍ത്തഡോക്സ് വിശ്വാസത്തിന്‍റെ പ്രതീകമായിരുന്നു മാര്‍ തേവോദോസ്യോസ് തിരുമേനി. തിരുമേനിയോടൊത്ത് ഏകാഭിപ്രായക്കാരായി പ്രവര്‍ത്തിച്ചിരുന്ന എന്‍. ജി.കുര്യനച്ചന്‍, എ. എം. വര്‍ക്കി ആദിയായവര്‍ സഭാവിശ്വാസത്തില്‍ ശുഷ്കാന്തിയുള്ളവരായിരുന്നു. എന്‍. ജി. കുര്യനച്ചനെ “കൂദാശാകുര്യൻ” എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. സഭയും കൂദാശയും തിരുമേനിയുടെയും ഒരു പ്രധാന പഠനവിഷയമായിരുന്നു.
പരിശുദ്ധസഭയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏതൊരു നീക്കവും അദ്ദേഹം അങ്ങേയറ്റം എതിര്‍ത്തിരുന്നു. തിരുമേനി ഏറ്റവുമധികം ബഹുമാനിക്കയും ആദരിക്കയും ചെയ്തിരുന്ന, കാലം ചെയ്ത, ബാവാ തിരുമേനിയില്‍ പോലും നേരായമാര്‍ഗ്ഗത്തില്‍ നിന്നു വ്യതിചലിച്ച് എന്തെങ്കിലും അഭിപ്രായം ഉണ്ടെന്നു കണ്ടാല്‍ അതു മുളയിലേ നുളളിക്കളയാന്‍ മാര്‍ തേവോദോസ്യോസ് തെല്ലും മടി കാണിച്ചിരുന്നില്ല. മാര്‍ തോമ്മാശ്ലീഹാ ഭാരതത്തില്‍ എഴുന്നള്ളി സ്ഥാപിച്ചതാണു മലങ്കര ഓര്‍ത്തഡോക്സ് സഭയെന്നും, മറ്റ് അപ്പോസ്തലന്മാര്‍ക്കുണ്ടായിരുന്ന എല്ലാ നല്‍വരങ്ങളും തോമ്മാശ്ലീഹായ്ക്കുണ്ടായിരുന്നെന്നും ഇതു കാതോലികവും അപ്പോസ്തോലികവും ഏകവും വിശുദ്ധവുമായ സഭയുടെ ഒരു ഭാഗമാണെന്നും തിരുമേനി ഉറച്ചു വിശ്വസിച്ചിരുന്നു.
ഭരണകാര്യങ്ങളില്‍ മുഖപക്ഷം കാണിക്കാത്ത ന്യായാധിപനായിരുന്നു മാര്‍ തേവോദോസ്യോസ് തിരുമേനി. ഒരു സംഭവം ഓര്‍ക്കുന്നു. ഒരു പള്ളിയില്‍ ഒരു കുറ്റത്തിനു തിരുമേനി ഒരാളെ മുടക്കി. തിരുമേനി പിന്നീട് ആ പള്ളിയില്‍ എഴുന്നള്ളിയപ്പോള്‍ ആ ഇടവകയിലെ പ്രധാനപ്പെട്ട കുടുംബത്തിലെ ഒരാളും നാട്ടിലെ പ്രമാണിയുമായ ഒരാളില്‍ അതേ കുറ്റംതന്നെ കണ്ടു. ഒട്ടും വൈകിയില്ല, തിരുമേനി അയാളെയും മുടക്കി. അന്തരീക്ഷം അല്പം കലുഷമായി എന്നു വരികിലും തിരുമേനിക്കു നീതി നടത്താന്‍ അധികം ആലോചിക്കേണ്ടിവന്നില്ല. സഭയുടെ കാതലായ പ്രമാണങ്ങള്‍ പാലിക്കുന്നതില്‍ തിരുമേനിക്കു നിഷ്ഠയുണ്ടായിരുന്നതുപോലെ തന്നെ അവ നടപ്പാക്കുന്നതിലും തിരുമേനിക്കു നിര്‍ബന്ധം ഉണ്ടായിരുന്നു. അദ്ദേഹം കൈയേറ്റ ഭദ്രാസനം സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങളുള്ള ഒരു ഭദ്രാസനമായിരുന്നു. അതിനു കെട്ടുറപ്പും രൂപവും കൊടുക്കാന്‍ അദ്ദേഹം ആവോളം പണിപ്പെട്ടു. തിരുമേനി ഭരണമേറ്റപ്പോള്‍ ഒട്ടുമുക്കാലും ഓല മേഞ്ഞ പള്ളികളായിരുന്നു. ആകെക്കൂടി നാലു വശവും നല്ലവണ്ണം മറയ്ക്കാത്ത പള്ളികള്‍ മാത്രം. താമസിക്കാന്‍ മറ്റു സൗകര്യമൊന്നുമില്ല. മഴ കൂടെ ഉണ്ടെങ്കില്‍ കാര്യം ഭേഷായി! ചോര്‍ച്ചമൂലം കട്ടില്‍ മാറ്റിമാറ്റി ഇട്ട് ഉറങ്ങിയും ഉണര്‍ന്നും രാത്രി കഴിച്ചുകൂട്ടും. എന്‍റെ അനുഭവത്തില്‍ത്തന്നെ ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നു! ഇപ്രകാരം വളരെ ക്ലേശങ്ങള്‍ സഹിച്ചാണു തിരുമേനി ഭദ്രാസനഭരണം നിര്‍വ്വഹിച്ചത്. ഉത്തമനും വിശ്വസ്തനുമായ ഇടയനെപ്പോലെ പ്രതിബന്ധങ്ങള്‍ അവഗണിച്ച് ഇടവകകള്‍ സന്ദര്‍ശിച്ച് എല്ലാം ക്രമത്തിലാക്കാന്‍ ബദ്ധപ്പെട്ടിരുന്നു. ഇങ്ങനെ സന്ദര്‍ശനം നടത്തിക്കൊണ്ടിരുന്ന ഒരവസരത്തിലാണ് എനിക്കു തിരുമേനിയുമായി പരിചയപ്പെടാന്‍ അവസരമുണ്ടായത്. ഒരു പട്ടക്കാരനാകണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അന്നു സെമിനാരിയില്‍ പോകുന്നതിന് ഇടവകയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടണം. തിരുമേനി നിയമിക്കുന്ന ഒരു ഇലക്ഷന്‍ ബോര്‍ഡാണ് വൈദികവിദ്യാഭ്യാസത്തിനു യോഗ്യതയുള്ളവരെ ഇടവകകളില്‍ നിന്ന് തെരഞ്ഞെടുക്കുക. അങ്ങനെ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട്, വൈദികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി പട്ടക്കാരനായി. തിരുമേനിയുമായുള്ള ബന്ധം ഒരു പുരോഹിതനടുത്ത ജീവിതവിശുദ്ധിയിലേക്കു വളരുന്നതിന് എനിക്ക് ഉത്തേജനവും പ്രചോദനവും നല്കി. തിരുമേനിയുടെ ഭരണകാലം കൊല്ലം ഭദ്രാസനത്തിന് ഒരിക്കലും വിസ്മരിക്കാനാവില്ല.
മാര്‍ തേവോദോസ്യോസ് തിരുമേനിയുടെ ലളിതജീവിതം എടുത്തുപറയത്തക്ക ഒരു സ്വഭാവഗുണമാണ്. ഒരു പിതാവിനെക്കുറിച്ചു നാം കേട്ടിട്ടുണ്ടല്ലോ. ഒരു ദയറാക്കാരനായിരുന്ന അദ്ദേഹം വലിയ ഒരു പദവിയിലെത്തി. അദ്ദേഹം തന്‍റെ മുറിയില്‍ ഒരു പഴയ വസ്ത്രം തൂക്കി ഇട്ടിരിക്കും. പഴയ ജീവിതം ഓര്‍ക്കുവാന്‍ അതു സഹായിച്ചിരുന്നു എന്നാണ് അദ്ദേഹം സാക്ഷിക്കുന്നത്. തിരുമേനി ബഥനിയുടെ കാവിവസ്ത്രം മെത്രാപ്പോലീത്താ ആയതിനു ശേഷവും ഉപേക്ഷിച്ചില്ല. അതു നിത്യവും ധരിച്ചിരുന്നു. മെത്രാപ്പോലീത്താ ആയിരുന്നെങ്കിലും അദ്ദേഹം മരണംവരെ ബഥനിയിലെ ഒരു സാധുവായിത്തന്നെ ജീവിച്ചു. അദ്ദേഹത്തില്‍ ലളിതജീവിതവും ഉന്നതദര്‍ശവും തിങ്ങിവിളങ്ങിയിരുന്നു. വേഷത്തില്‍ മാത്രമല്ല, സംസാരത്തിലും പെരുമാറ്റത്തിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം എന്തെന്നില്ലാത്ത ഒരു ലാളിത്യവും ശാന്തതയും ഉണ്ടായിരുന്നു. തിരുമേനിയുടെ താഴ്ചയും സൗമ്യതയും ഒരു ബലഹീനതയായി ആളുകള്‍ വ്യാഖ്യാനിച്ചിരുന്നു. കര്‍ത്താവേശുക്രിസ്തുവിന്‍റെ ലളിതജീവിതവും താഴ്ചയും വിനയവും ഒന്നു ചേര്‍ന്നു പരിലസിച്ചിരുന്ന ഒരു പുണ്യപിതാവായിരുന്നു മാര്‍ തേവോദോസ്യോസ് തിരുമേനി.
പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍
(1975 ഓഗസ്റ്റ് 3-ാം തീയതി പഴയ സെമിനാരിയില്‍ നടത്തപ്പെട്ട മാര്‍ തേവോദോസ്യോസ് സിംപോസിയത്തില്‍ ചെയ്ത പ്രസംഗം)
“Only a converted man can convert another man; Only a converted church can convert the world”.
“Even if it happens that I become the old lay man Chandy, I do not like to be a Metropolitan of a Church which has lost its freedom.”
Alexios Mar Theodosius
